പട്ടാമ്പി: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പട്ടാമ്പി കോൺഗ്രസിൽ പൊട്ടിത്തെറി. കഴിഞ്ഞ തവണ പട്ടാമ്പിയിൽ മികച്ച പോരാട്ടം കാഴ്ചവച്ച റിയാസ് മുക്കോളിയെ ഇത്തവണ സ്ഥാനാർഥിയാക്കുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതൃത്വത്തെയും യുവാക്കളെയും ചൊടിപ്പിച്ചത്.
ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി വിമത സ്ഥാനാർഥിയായി മത്സരിക്കും. അടുത്ത ദിവസം അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. മണ്ഡലത്തിൽ സജീവമായിരുന്ന റിയാസ് മുക്കോളിക്കുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ചാണ് ഷാഫി പട്ടാമ്പി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാത്ത നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. വിമത നീക്കത്തിൽനിന്ന് ഷാഫി പട്ടാമ്പിയെ പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.